ടെഹ്റാൻ: യുദ്ധത്തിന് ശാശ്വതമായ അന്ത്യമാണ് തേടുന്നതെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ച്ചി സാമൂഹിക മാധ്യമമായ എക്സിൽ കുറിച്ചു. ഇറാന്റെ നിലപാടിനെ യുഎസ് മാധ്യമങ്ങൾ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പാകിസ്ഥാന്റെ സമാധാന ശ്രമങ്ങൾക്ക് അങ്ങേയറ്റം നന്ദിയുണ്ടെന്നും ഇസ്ലാമാബാദിലേക്ക് പോകാൻ വിസമ്മതിച്ചിട്ടില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രി കുറിച്ചു.
പാകിസ്ഥാനിൽ നടന്ന സൗദി - തുർക്കി - ഈജിപ്ത് ചർച്ചകളിൽനിന്ന് വിട്ടുനിന്നത് സംബന്ധിച്ചാണ് പ്രതികരിക്കുകയായിരുന്നു അരഗ്ച്ചി. ഇറാന്റെ മേൽ അടിച്ചേൽപ്പിച്ച നിയമവിരുദ്ധ യുദ്ധത്തിന് നിർണായകവും ശാശ്വതവുമായ അന്ത്യം കുറിക്കുന്നതിനുള്ള നിബന്ധനകളാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.
അനുകൂലമായ ധാരണകൾ ഉണ്ടായാൽ സമാധാന ശ്രമങ്ങളുമായി സഹകരിക്കുമെന്ന സൂചനയാണ് ഇറാൻ വിദേശകാര്യ മന്ത്രി നൽകിയത്.